സ്വർണ വായ്പയെടുക്കുന്നവർക്കും വായ്പാസ്ഥാപനങ്ങൾക്കുമുള്ള റിസർവ് ബാങ്കിന്റെ പുതിയ മാർഗനിർദേശം ബുധനാഴ്‌ച പ്രാബല്യത്തിലാകും.
പുതിയ മാനദണ്ഡപ്രകാരം സ്വർണം പണയംവയ്‌ക്കുന്പോൾ വിപണിവിലയുടെ 85 ശതമാനംവരെ വായ്പയായി നേടാം. ഒരുലക്ഷം രൂപ വിപണിവിലയുള്ള സ്വർണം പണയംവയ്ക്കുമ്പോൾ 85,000 രൂപവരെ കിട്ടും. നിലവിൽ പരമാവധി 75 ശതമാനമാണ് ലഭിച്ചിരുന്നത്.
രണ്ടരലക്ഷത്തിൽത്താഴെയുള്ള സ്വർണവായ്പയ്‌ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക. രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷം വരെയുള്ള വായ്പയ്ക്ക് 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിലുള്ളതിന് 75 ശതമാനവും പരമാവധി തുക ലഭിക്കും. മുൻദിവസത്തെ വിപണിവിലയോ അവസാന 30 ദിവസത്തെ ശരാശരി വിലയോ അടിസ്ഥാനമാക്കിയാകും സ്വർണത്തിന്റെ മൂല്യം നിർണയിക്കുക.
കഴിഞ്ഞ വർഷം ജൂണിലാണ് റിസർവ് ബാങ്ക് പുതിയ മാനദണ്ഡം പുറത്തിറക്കിയത്. ഏപ്രിൽ ഒന്നിനാരംഭിക്കുന്ന സാന്പത്തികവർഷം മുതൽ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ഇത് ബാധകമാകും. ചെറുകിട സ്വർണവായ്പകൾക്ക് (2.5 ലക്ഷംവരെ) വായ്പയെടുക്കുന്നയാളുടെ വരുമാനം, ക്രെഡിറ്റ് സ്കോർ, മറ്റുവായ്പകൾ, തിരിച്ചടവുശേഷി തുടങ്ങിയവയുടെ പരിശോധന ഒഴിവാക്കും.
പലിശമാത്രം അടച്ച് ഇനി സ്വർണവായ്പ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ല. കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും ഒന്നിച്ചടച്ച് സ്വർണം തിരിച്ചെടുക്കുന്ന ബുള്ളറ്റ് പേമെന്റ് വായ്പകളിൽ മുതലും പലിശയും 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുകയും വേണം.
"സ്വർണാഭരണം പരമാവധി ഒരുകിലോയും സ്വർണനാണയം 50 ഗ്രാമുംമാത്രമേ ഇനി പണയം വയ്ക്കാനാകൂ. സ്വർണത്തിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ നൽകണം. വായ്പ പൂർണമായും തിരിച്ചടച്ചാൽ ഏഴ് പ്രവൃത്തിദിവസത്തിനുള്ളിൽ സ്വർണം തിരികെ നൽകണം. വൈകുന്ന ഓരോ ദിവസത്തിനും വായ്പാസ്ഥാപനം 5000 രൂപവീതം നഷ്ടപരിഹാരം നൽകണം. വായ്പാതിരിച്ചടവ് മുടങ്ങിയാൽ സ്വർണം ലേലം ചെയ്യുംമുമ്പ് ഇടപാടുകാരനെ അറിയിക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്."
