ചെറുവാടി: കായികപ്രേമികൾക്ക് ആവേശമായി പൊറ്റമ്മൽ ജനകീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് പൊറ്റമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടക്കമായി.
പ്രമുഖ ഫുട്ബോൾ താരവും പരിശീലകനുമായ വാഹിദ് സാലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ.വി. നിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒനിക്സ് മാർബിൾ & ഗ്രാനൈറ്റ് സ്പോൺസർ ചെയ്യുന്ന 25,000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും, ഗാലക്സി ഹോം നൽകുന്ന 15,000 രൂപ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയാണ് ടീമുകൾ മാറ്റുരയ്ക്കുന്നത്. കെൻസ കാറ്ററിംഗ് വിന്നേഴ്സ് ട്രോഫിയും, കണിയാത്ത് ട്രേഡിംഗ് & കൺസ്ട്രക്ഷൻസ് റണ്ണേഴ്സ് ട്രോഫിയും നൽകുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, പി. കുട്ടി ഹസ്സൻ, ഷീജ, സിസിന പ്രവീൺ ലാൽ, മുഹമ്മദ് യൂസഫ്, കെ. ബഷീർ, എ.സി. മൊയ്തീൻ, കെ.വി. അബ്ദുറഹിമാൻ, മൂസ ഹാജി പുതിയോട്ടിൽ, ബാബു മൂലയിൽ, ഷുഹൈബ് കൊട്ടുപുറത്ത്, കെ.വി. അബ്ദുസലാം, സി.വി. ഉസ്മാൻ, ബംഗളത്ത് സി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഫ്ലഡ് ലൈറ്റിന് കീഴിൽ നടക്കുന്ന മത്സരങ്ങൾ പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട് എന്നത് ഈ ടൂർണമെന്റിന്റെ പ്രത്യേകതയാണ്.
ഉദ്ഘാടന മത്സരത്തിൽ അരുണോദയം കുനിയിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ക്രസന്റ് കൊട്ടക്കാവയലിനെ പരാജയപ്പെടുത്തി മിന്നുന്ന വിജയം സ്വന്തമാക്കി. ടൂർണമെന്റിന്റെ രണ്ടാം ദിനമായ *ഇന്ന് (ഏപ്രിൽ 12 ഞായർ) രാത്രി നടക്കുന്ന മത്സരത്തിൽ അൽ ഐൻ എഫ്.സി. തത്തൂർ, TPYCO ചെറുവാടിയുമായി ഏറ്റുമുട്ടും.*
