മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മുൻ ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആണ് അദ്ദേഹം.
ഉച്ചക്ക് ശേഷം 3 മണി മുതൽ മലപ്പുറം ജില്ലാ പഞ്ചായത്തിൽ പൊതുദർശനം നടക്കും. നന്നമ്പ്ര ഡിവിഷനിൽ നിന്നും മൽസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അദ്ദേഹം ദീർഘകാലമായി ദളിത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. പാണക്കാട് സയ്യിദ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു.
മുസ്‌ലിം ലീഗ് വേദികളിലെ പ്രഭാഷകൻ, പാർട്ടിയെയും പാണക്കാട് കുടുംബത്തെയും നെഞ്ചോട് ചേർത്ത് പിടിച്ച തികഞ്ഞ മതേതരവാദി, കറകളഞ്ഞ സംഘടനാ പ്രവർത്തകൻ എന്നിങ്ങനെ ഏറെ വിശേഷണങ്ങൾ ഉള്ള വ്യക്തിയായിരുന്നു എ.പി ഉണ്ണികൃഷ്ണൻ.
