കോഴിക്കോട്: വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കോഴിക്കോട് ബീച്ചിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഫ്ലാറ്റിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് സംഘത്തിന്റെ കെണിയിലാണ് പെൺകുട്ടി അകപ്പെട്ടത്
പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടി രക്ഷിതാക്കളോട് പിണങ്ങി ഈ മാസം 20-നാണ് വീടുവിട്ടിറങ്ങിയത്. 21-ന് അർദ്ധരാത്രിയോടെ കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിയെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഘം സമീപിക്കുന്നത്. ഭക്ഷണം കഴിക്കാൻ പെൺകുട്ടി ഇവിടുണ്ടായിരുന്ന രണ്ടുപേരോട് പണം ചോദിച്ചു. തുടർന്ന് ഭക്ഷണവും താമസിക്കാൻ സ്ഥലവും നൽകാമെന്ന് പറഞ്ഞ് ഇവർ പെൺകുട്ടിയെ കാറിൽ കയറ്റി മാങ്കാവിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഫ്‌ളാറ്റിൽ വെച്ച് ഭക്ഷണത്തിന് പകരം മയക്കുമരുന്ന് നൽകിയാണ് പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അറസ്റ്റിലായ സാലിഹും ഷബീറും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. പെൺകുട്ടിയെ ബീച്ചിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നവരും ഇവിടെയുണ്ടായിരുന്നവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
പിറ്റേദിവസം ഉച്ചയോടെ പ്രതികൾ പെൺകുട്ടിയെ തിരികെ ബീച്ചിൽ തന്നെ കൊണ്ടുവിട്ടു. 4000 രൂപയും ഇവർ കുട്ടിക്ക് നൽകിയിരുന്നു. രാത്രിയിൽ ബീച്ചിലെത്തിയ പിങ്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.
നിലവിൽ പെൺകുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. പെൺകുട്ടിയെ ബീച്ചിൽ നിന്ന് ഫ്ലാറ്റിലെത്തിച്ച മറ്റ് രണ്ടുപേർക്കായി ടൗൺ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
