അരീക്കോട്: മലപ്പുറം അരീക്കോടിന് സമീപം ഊർങ്ങാട്ടിരി കോനൂർകണ്ടിയിലെ ഒരു റിസോർട്ടിൽ ഉണ്ടായ അപകടത്തിൽ മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. ഊർങ്ങാട്ടിരി കുത്തുപറമ്പ് മഹല്ല് ചമ്പ്രമ്മൽ താമസിക്കുന്ന കെ.ടി. ആസിഫിന്റെ മകനാണ് മരിച്ചത്.
ഞായറാഴ്ച കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയിരുന്ന കുട്ടി, കളിച്ചുകൊണ്ടിരിക്കെ മുതിർന്നവരുടെ ശ്രദ്ധയിൽപ്പെടാതെ സ്വിമ്മിംഗ് പൂളിന് സമീപത്തേക്ക് എത്തിയതായാണ് വിവരം. തുടർന്ന് കാൽ വഴുതി പൂളിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങളും മറ്റുള്ളവരും നടത്തിയ തിരച്ചിലിലാണ് പൂളിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് ഇത്.
