കൊടിയത്തൂർ: പാഠ്യ -പാഠ്യാനുബന്ധ മേഖലയിലെ മികവിന് കേന്ദ്ര സർക്കാറിന്റെ ദേശീയ അംഗീകാരമായ നാബെറ്റ് അക്രഡിറ്റേഷൻ നേടിയ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിനെ കൊടിയത്തൂർ പൗരാവലി വ്യാഴാഴ്ച ആദരിക്കും. വൈകീട്ട് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ഗർഫാർ ഗ്രൂപ് ചെയർമാൻ ഡോ. മുഹമ്മദലി ഗൾഫാർ നാടിന്റെ ഉപഹാരം വാദിറഹ്മക്ക് കൈമാറും.
സ്കൂളുകളുടെ അക്കാദമികവും അക്കാദമികേതരവുമായ അൻപതിനങ്ങൾ വിലയിരുത്തിയാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എജ്യുക്കേഷൻ ആന്റ് ട്രെയിനിങ് (നാബെറ്റ്) നൽകുന്നത്.
2024 ഫെബ്രുവരി 8, 9 തീയതികളിലാണ് നാബെറ്റ് സംഘത്തിന്റെ പരിശോധന സ്കൂളിൽ നടന്നത്. സ്കൂളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേകമായി രൂപകൽപന ചെയ്ത യങ് ലീഡർ പ്രോഗ്രാം, കുട്ടികളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്നതിന് തയാറാക്കിയ വാല്യു ചാർട്ട്, വിദ്യാർഥികൾ നടത്തിയ റീച്ചൗട്ട് പ്രോഗ്രാമുകൾ, നേതൃത്വഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിന് നടത്തുന്ന വാദി ടോക്ക് തുടങ്ങിയ ആശയങ്ങൾക്കാണ് പ്രശംസ ലഭിച്ചത്. കേരളത്തിൽ ഈ അംഗീകാരം ലഭിക്കുന്ന നാലാമത്തെ സ്കൂളാണ് ഇസ്‌ലാഹിയ അസോസിയേഷന് കീഴിലെ കൊടിയത്തൂർ വാദിറഹ്മ.
2003ൽ സി.ബി.എസ്.ഇ അംഗീകാരം നേടിയ വാദിറഹ്മ, കോഴിക്കോട് കേന്ദ്രമായ വിദ്യാ കൗൺസിലിൽ അസോസിയേറ്റ് സ്കൂളുകളിൽ ഒന്നാണ്. ദേശീയ വിദ്യാഭ്യാസ പദ്ധതിക്കനുസൃതമായി സ്കൂളിന്റെ ഗുണമേന്മ ഉയർത്തിക്കൊണ്ടുവരികയും വിവരസമ്പദ് വ്യവസ്ഥയിൽ പങ്കാളികളാകാൻ പാകത്തിൽ സാങ്കേതിക തികവുള്ളവരായി വിദ്യാർഥികളെ പരിശീലിപ്പിക്കുകയും വേണമെന്ന ചിന്തയിൽനിന്നാണ് നാബെറ്റ് അംഗീകാരം വേണമെന്ന് വാദിറഹ്മ തീരുമാനിക്കുന്നതെന്ന് സ്കൂൾ ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി. ഹുസൈൻ പറഞ്ഞു.
ആദരവ് ചടങ്ങിൽ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
Tags:
KODIYATHUR
