ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ കിഴുപറമ്പ GVHSS ലെ കുട്ടികളും അധ്യാപകരും ബേപ്പൂർ “വൈലാലിൽ “വീട്ടിൽ ഒത്ത് കൂടി. തങ്ങളുടെ ഇഷ്ട എഴുത്തുകാരന്റെ കഥാപാത്രങ്ങൾ, പ്രശസ്ത കൃതികൾ എന്നിവയെ കുറിച്ചവർ ചോദിച്ചറിഞ്ഞു. 35 കുട്ടികൾ അവർ വായിച്ച ബഷീർ പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകളുടെ പ്രത്യേക പതിപ്പ് “ഇമ്മിണി ബല്യ ഒന്ന് “ പ്രകാശനം ചെയ്താണ് മടങ്ങിയത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ പതിപ്പ് പ്രകാശനം ചെയ്തു. ബഷീറിന്റെ കുടുംബാംഗങ്ങൾക്കു പുറമെ കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പുരുഷൻ കടലുണ്ടി, എഴുത്തുകാരൻ രാജൻ തെരുവോത്ത് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ബഷീർ കൃതികൾ വായിച്ചറിഞ്ഞതിന് പുറമെ അദ്ദേഹത്തിന്റെ ജീവചരിത്ര കുറിപ്പുകൾ കുട്ടികൾ വിശദമായി മനസ്സിലാക്കി. “വൈലാലിൽ “വിട്ടിന് മുമ്പിലെ മാങ്കോസ്റ്റിൻ മരം, അദ്ദേഹത്തിന് ലഭിച്ച ബഹുമതികൾ, അവാർഡുകൾ എന്നിവ അവർ ആദരവോടെ നോക്കിക്കണ്ടു.
ഈ വർഷത്തെ ബഷീർ ദിനം എങ്ങിനെ വേറിട്ടതാക്കാമെന്ന ചിന്തയാണ് കിഴുപറമ്പ് GVHSS ലെ 7C ക്ലാസിലെ 35 കുട്ടികളെ ബേപ്പൂർ യാത്രയിലെത്തിച്ചത്. ഇതിന്റെ ഭാഗമായി സ്കൂൾ ലൈബ്രറി, കിഴുപറമ്പ് ,കുനിയിൽ, തൃക്കളയൂർ,പത്തനാപുരം പ്രദേശങ്ങളിലെ പൊതു ലൈബ്രറികൾ എന്നിവിടങ്ങളിൽ നിന്നായി 35 ബഷീർ പുസ്തകങ്ങൾ ശേഖരിച്ചു. ആസ്വാദനക്കുറിപ്പുകൾക്കനുയോജ്യമായ ചിത്രങ്ങളും അവർ വരച്ചു ചേർത്തു.അജ്മൽ.കെ. വരച്ച ജീവൻ തുടിക്കുന്ന ബഷീർ ചിത്രം പതിപ്പിനെ കൂടുതൽ ആകർഷകമാക്കി. വിശിഷ്ടാതിഥികൾ ചിത്രകാരനെ പ്രത്യേകം അഭിനന്ദിച്ചു.
വൈലാലിലേക്കുള്ള യാത്രക്ക് അധ്യാപകരായ വി .ഷഹിദ്, ടി.ഷിജി, എ.ജംഷിയ , മുഖ്ലിസ ജമാൽ, കെ.സഫീറ തുടങ്ങിയവർ നേതൃത്വം നൽകി -
ക്ലാസ് ലീഡർ പാർവണ രതീഷ് സ്വാഗതം പറഞ്ഞു.
ഹന ജംഷിദ് പതിപ്പ് പരിചയപ്പെടുത്തി. അനീസ് ബഷീർ, പുരുഷൻ കടലുണ്ടി, രാജൻ തെരുവോത്ത്, വി.ഷഹീദ്, ടി ഷിജി . തുടങ്ങിയവർ പ്രസംഗിച്ചു. മിർഫ ഫാത്തിമ നന്ദി പറഞ്ഞു.
Tags:
KIZHUPARAMB
