മൂർക്കനാട്: കുന്നിൻ മുകളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം മികച്ചൊരു കളിക്കളം എന്നത് സ്വപ്നമായി അവശേഷിച്ചിരുന്ന മൂർക്കനാട് ജി.യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി ആവേശത്തിന്റെ നാളുകൾ. ജനകീയ പങ്കാളിത്തത്തോടെ ആറ് ലക്ഷത്തോളം രൂപ സമാഹരിച്ച് നിർമ്മിച്ച സ്കൂൾ ടർഫിന്റെ ഉദ്ഘാടനം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു. ഷറഫലി നിർവഹിച്ചു.
സ്കൂൾ കുന്നിൻ മുകളിൽ മനോഹരമായി ഒരുക്കിയ ടർഫ് വിദ്യാർത്ഥികൾക്ക് വലിയൊരു സ്വപ്ന സാക്ഷാത്കാരമാണ്. ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ആസിഫ് സഹീർ മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കിറ്റിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ പി. നഹിം നിർവഹിച്ചു.
ടർഫ് നിർമ്മാണത്തിന് നേതൃത്വം നൽകിയ എസ്.എം.സി (SMC) അംഗം മോളയിൽ റിഷാദിനെ യു. ഷറഫലി മെമന്റോ നൽകി ആദരിച്ചു. സ്കൂൾ ബാൻഡ് ടീമിനൊപ്പം ഫുട്ബോൾ ടീം, ജെ.ആർ.സി കേഡറ്റുകൾ, കരാട്ടെ ടീം എന്നിവർ അതിഥികളെ ആഘോഷപൂർവ്വം സ്വീകരിച്ചു.
പി.ടി.എ പ്രസിഡന്റ് പി.വി. അബ്ദുൾ ഷറീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ വി. ഷഹീദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. പി.എം.ആർ മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ കൊടിയത്തൂർ, എസ്.എം.സി ചെയർമാൻ ജാഫർ മാടത്തിങ്ങൽ, എം.ടി.എ പ്രസിഡന്റ് വി. സൗദത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കായികാധ്യാപകൻ പി.എസ്. ബിനീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൂൾ മൈതാനത്തിന്റെ പരിമിതികളെ മറികടന്ന് ജനകീയ കൂട്ടായ്മയിൽ ഉയർന്ന ഈ ടർഫ് പ്രദേശത്തെ കായിക പ്രേമികൾക്കും വലിയ ആവേശമാണ് പകരുന്നത്. ചടങ്ങിന്റെ ഭാഗമായി പായസവിതരണവും നടന്നു.
.jpeg)