ചെറുവാടി : ഉപയോഗം കഴിഞ്ഞ തുണിയും പേപ്പറുകളും ശേഖരിച്ച് ആയിരം പേപ്പർ ബാഗുകളും തുണി സഞ്ചികളും നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്ത് മാലിന്യസംസ്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേറിട്ട മാതൃക തീർക്കുകയാണ് ചെറുവാടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. 'പേപ്പർ തരൂ ... സാരി തരൂ ... സഞ്ചി തരാം' എന്ന് പ്രചരണം നടത്തിയാണ് വിദ്യാർത്ഥികൾ തുണിയും പേപ്പറും ശേഖരിച്ചത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖല ഇതേ ആവശ്യത്തിന് വേണ്ടി ശേഖരിച്ച തുണികൾ കൂടി എൻ എസ് എസ് യുണിറ്റിന് കൈമാറി.
![]() |
തുണി സഞ്ചികളുടെ നിർമ്മാണത്തിനു രണ്ടാം വർഷ വളണ്ടിയർമാർക്ക് തയ്യൽ പരിശീലനം നൽകിയിരുന്നു. സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടിയ കെ.ശ്രീനന്ദ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി
പേപ്പർ ബാഗുകളുടെയും തുണി സഞ്ചികളുടെയും വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ല ശുചിത്വമിഷൻ പ്രോഗ്രം ഓഫീസർ ഒ.ജ്യോതിഷ് നിർവ്വഹിച്ചു. തുണി സഞ്ചികൾ വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് പ്രസിഡൻറ് ഷബീർ ചെറുവാടി ഏറ്റുവാങ്ങി.
പേപ്പർ ബാഗുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ് പ്രസിഡൻറ് പള്ളിത്തൊടിക ചെറിയ മുഹമ്മദ് ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രം ഓഫ്സർ യു. സുജിത് പദ്ധതി വിശദ്ധീകരിച്ചു. ഹരിത കർമ്മ സേന പ്രവർത്തകരായ സരോജിനി ,റസീന എന്നിവർ സംസാരിച്ചു. വളണ്ടിയർ ലീഡർ ഷഹബാസ് അമൻ സ്വഗതവും, ടി.അജ്ഞന നന്ദിയും പറഞ്ഞു. ഏറ്റവും കൂടുതൽ തുണിസഞ്ചികൾ അപ് സൈക്കിൾ ചെയ്തെടുത്ത വളണ്ടിയർമാരായ എം.ടി.കാർത്തിക്, ബാസിർ ഖാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന എൻഎസ്എസ് ആസൂത്രണം ചെയ്ത ടീൻ ഫോർ ഗ്രീൻ എന്ന പദ്ധതിയിലൂടെ ഓരോ വീടുകളിലും വരുന്ന വ്യത്യസ്തമായ വേസ്റ്റുകൾ കുട്ടികൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ട്. ഇതിൽ പ്ലാസ്റ്റിക് കവറുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യാൻ യൂണിറ്റിനെ പ്രേരിപ്പിച്ചത്
