മുക്കത്തേയും കാരശ്ശേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 50 വർഷത്തിലേറെ പഴക്കമുള്ള മുക്കത്തെ പാലത്തിനോട് ചേർന്ന് പുതിയ പാലം നിർമ്മാണത്തിന് തുടക്കമായി. 7.25 കോടി രൂപയുടെ ഭരണാനുമതി നേരത്തെ പാലം നിർമ്മാണത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ ടെണ്ടർ നടപടികളും പൂർത്തീകരിച്ചാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കമ്പനിയാണ് പ്രവർത്തിയുടെ കരാറുകൾ. നാല് തൂണുകളിലായി നിർമ്മിക്കുന്ന പാലത്തിന്റെ രണ്ടു തൂണുകൾ കരയിലും രണ്ടെണ്ണം വെള്ളത്തിലുമാണ് നിർമ്മിക്കുക. ഇതിൽ പുഴയിൽ നിർമ്മിക്കുന്ന പില്ലറിന്റെ പ്രവർത്തിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
നിലവിലെ പാലം പൊളിക്കാതെ പാലത്തിനോട് ചേർന്ന് തന്നെയാണ് പുതിയ പാലം നിർമ്മിക്കുന്നത്.ആർ മീറ്റർ വീതിയിലാണ് പുതിയ പാലം നിർമ്മിക്കുക. നിലവിലെ പാലത്തിന് ആറരമീറ്റർ വീതിയാണുള്ളത്. നിലവിലുള്ള പാലം കാലപ്പഴക്കം കാരണം സിമന്റ് അടർന്നു വീണ് കമ്പികൾ പുറത്തു കാണുന്ന നിലയിലാണ്. ക്വാറി ക്രഷർ യൂണിറ്റുകളിൽ നിന്ന് ടൺ കണക്കിന് ഭാരമുള്ള ലോഡുമായി ദിവസേനെ നൂറുകണക്കിന് വാഹങ്ങൾ സഞ്ചരിക്കുന്നത് ഈ പാലം വഴിയാണ്. മാസങ്ങൾക്കു മുമ്പ് പാലത്തിന്റെ കൈവരികൾ അറ്റകുറ്റ പ്രവർത്തി നടത്തുകയും പെയിന്റ് അടിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. പാലത്തിന്റെ അടിഭാഗം കോൺക്രീറ്റ് അടന്ന് കമ്പികൾ പുറത്തു കണ്ടു തുടങ്ങിയതിനു പുറമേ രണ്ട് പ്രളയങ്ങൾ കാരണവും കുത്തൊഴുക്കിൽ കരകളുടെ കെട്ടുകൾക്കും ബലക്ഷയം വന്നിട്ടുണ്ട്. നിലവിലുള്ള റോഡിന്റെ പകുതി വീതി മാത്രമാണ് പാലത്തിനുള്ളത്. രണ്ട് വലിയ വാഹനങ്ങൾക്ക് കഷ്ടിച്ചു കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതുമൂലം പാലത്തിൽ അപകടങ്ങളും ഗതാഗതകുരുക്കും ഉണ്ടാവാറുണ്ട്. പുതിയ ഒരു പാലം കൂടി വരുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല മാത്രമല്ല നിലവിലെ പാലം നിലനിർത്തുന്നതിനാൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിയും വരില്ല.

