താമരശേരി: സീബ്രാ ലൈനിലൂടെ വിദ്യാർത്ഥികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നതിനിടെ ഹോം ഗാർഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ടി ജെ ഷാജിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോരങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. വിദ്യാർത്ഥികൾക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്. മിനി ലോറി അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഷാജി തെറിച്ച് വീണു.സംഭവത്തിന്റെ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലോറി ഡ്രൈവറായ നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി എൻ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
