ചെറുവാടിയിൽ ആധുനിക സൗകര്യങ്ങളോടെ മൈതാന നവീകരണത്തിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായാണ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം (പഞ്ചായത്ത് സ്റ്റേഡിയം) നവീകരിക്കുന്നത്. കായിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ലിന്റോ ജോസഫ് എംഎൽഎ യുടെ നിയോജക മണ്ഡലം ആസ്ഥി ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
പ്രധാനമായും ഫുട്ബോൾ കളിക്ക് മുൻഗണന നൽകുന്നരീതിയിലാണ് ഫുട്ബോൾ കളിക്കാരുടെയും ഫുട്ബോൾ ആസ്വാദകരുടെയും നാടായ ചെറുവാടിയിൽ ആധുനിക സൗകര്യങ്ങളോടു കൂടി മൈതാന നിർമ്മാണം പൂർത്തിയാവുന്നതെങ്കിലും ഈ മൈതാനം മറ്റു കായിക വിനോദങ്ങൾക്കും നാട്ടിലെ വിവിധ കലാപരിപാടികൾക്കും ഉപയോഗിക്കുകയും ചെയ്യാം. ഗ്യാലറി, പവലിയൻ, സ്റ്റേജ്, ശൗചാലയം, ഡ്രസ്സിം റൂം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ മൈതാനത്തിൽ പുതുതായി ഒരുക്കും. നാട്ടുകാരുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമാവാൻ പോകുന്നത്.
സ്കൂൾ ഗ്രാമ പഞ്ചായത്ത് അംഗൺവാടി കലാമേളകൾ തുടങ്ങിയ ആവശ്യങ്ങൾക്കും സ്റ്റേഡിയം പ്രയോജനപ്പെടും. സ്റ്റേഡിയം പൂർത്തിയാകുന്നതോടെ ഫുട്ബോൾ ടൂർണമെന്റുകൾ കായികമേളകൾ തുടങ്ങിയവക്ക് സൗകര്യമില്ലെന്ന പരാതികളാണ് അവസാനിക്കാൻ പോകുന്നത്.
2004ലാണ് ഗ്രാമപഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ സ്റ്റേഡിയത്തിന് ആവശ്യമായ സ്ഥലം വിലക്കുവാങ്ങി സ്റ്റേഡിയത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചത്. പിന്നീട് നവീകരണ പ്രവർത്തിക്ക് ജില്ലാപ പഞ്ചായത്ത് 15 ലക്ഷം രൂപ വകിയിരുത്തിയിരുന്നു. സ്റ്റേഡിയം നവീകരണ പ്രവർത്തി കഴിഞ്ഞ സെപ്റ്റംബർ 22നാണ് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തത്. ആറു മാസത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തിയാക്കുമെന്നാണ് എം.ൽ.എ ലിന്റോ ജോസഫ് പറഞ്ഞു.
