കൊടിയത്തൂർ: ലഹരിക്കെതിരേ കൊടിയത്തൂർ ഫുട്‌ബോൾ ലീഗ് നടത്താൻ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ചേർന്ന കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമിയിലെ രക്ഷിതാക്കളുടെയും പി.ടി.എ-എസ്.എം.സി-എം.പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കാൽപ്പന്തുകളിയിലെ കുഞ്ഞുമക്കളുടെ മനോഹര നീക്കങ്ങൾക്ക് വേദിയൊരുക്കി, സ്‌കൂളിലെ മികച്ച എട്ടു ടീമുകളെ പങ്കെടുപ്പിച്ചുള്ള ആദ്യ ഘട്ട ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 'സോക്കർ ഡ്രീംസ്' എന്ന പേരിൽ ഫെബ്രുവരി 14ന് നടക്കും.
തുടർന്ന് വേനലവധിക്കാലത്ത് ഉപജില്ലയിലെ വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ച് എൽ.പി-യു.പി വിഭാഗങ്ങളിൽ പ്രത്യേകം പ്രൈസ്മണിക്കായുള്ള ഉപജില്ലാ തല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പും നടത്തും. ഇതോടൊപ്പം സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ബാച്ചുകളെ പങ്കെടുപ്പിച്ച് ഏകദിന ഫുട്‌ബോൾ ടൂർണമെന്റിനും കളമൊരുക്കും. കാരക്കുറ്റിയിലെ കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം, ചേന്ദമംഗല്ലൂർ മംഗലശ്ശേരി മൈതാനം, പാഴൂർ ഗ്രൗണ്ട് എന്നിവിടങ്ങളാണ് ഫുട്‌ബോൾ അക്കാദമിയുടെ ചാമ്പ്യൻഷിപ്പിന് വേദിയാവുക.
യോഗത്തിൽ പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. പരിശീലകൻ ഷമീൽ അരീക്കോട്, എസ്.എം.സി ചെയർമാൻ പി.പി ഫൈസൽ, എം.പി.ടി.എ ചെയർപേഴ്‌സൺ ജസീല ഇ.കെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.പി.സി നജീബ്, സുബ്രഹ്മണ്യൻ കെ.പി, കരീം മാഷ്, ഷക്കീബ, ഷബ്‌നാസ്, സജ്‌ന കൊടിയത്തൂർ, ജസ്‌ന കെ.പി, ജിഷ അടുപ്പശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി ചെയർമാൻ കെ.സി റിയാസ് സ്വാഗതവും അക്കാദമി കൺവീനർ സതീശ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
