അരീക്കോട്: ടീം പോസിറ്റീവ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അരീക്കോട് പുസ്തകമേള ജനുവരി 13, 14, 15 തീയതികളിൽ താഴത്തങ്ങാടി റോഡിലെ എം.പി.ബി ന്യൂ ബസാർ കോംപ്ലക്സിൽ നടക്കും.
ജനുവരി 13 (ചൊവ്വ): വൈകുന്നേരം 4-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി മേള ഉദ്ഘാടനം ചെയ്യും. എം.എ. സുഹൈലിന്റെ പുസ്തകങ്ങൾ അഡ്വ. കെ.എൻ.എ ഖാദർ പ്രകാശനം ചെയ്യും. സംരംഭക ഷബ്‌ന പൊന്നാടിനും കുന്നങ്ങാടൻ അബ്ദുൽ റസാഖ് മാസ്റ്റർക്കും (മരണാനന്തരം) ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും. രാത്രി 7-ന് ഫൈസൽ എളേറ്റിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കവി കാനേഷ് പൂനൂരിന് പി.ടി അബ്ദുറഹ്മാൻ സ്മാരക പുരസ്‌കാര സമർപ്പണവും നടക്കും.
ജനുവരി 14 (ബുധൻ): വൈകുന്നേരം ബി.കെ ഇബ്രാഹിം മൂർക്കനാടിന്റെ കഥാസമാഹാരം അബ്ദുള്ളക്കുട്ടി എടവണ്ണ പ്രകാശനം ചെയ്യും. രാത്രി 7-ന് മാലിക് നാലകത്ത് രചിച്ച ചരിത്രഗ്രന്ഥം ഡോ. എൻ.പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്യും. കെ.പി നൗഷാദലി, അഡ്വ. ശ്രീധരൻ നായർ, പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
ജനുവരി 15 (വ്യാഴം): സമാപന ദിനത്തിൽ നിഗാർ ബീഗത്തിന്റെ കൃതി മൈന ഉമൈബാൻ പ്രകാശനം ചെയ്യും. വൈമാനിക പരിശീലനം പൂർത്തിയാക്കിയ മുഹമ്മദ് തസ്‌വീറിനെ ചടങ്ങിൽ ആദരിക്കും. രാത്രി 7-ന് പ്രമുഖ സംഗീതജ്ഞൻ കെ.വി. അബൂട്ടിയെ ആദരിക്കുന്ന ചടങ്ങിൽ ഡോ. എം.എൻ കാരശ്ശേരി മുഖ്യാതിഥിയാകും. തുടർന്ന് ചെങ്ങന്നൂർ ശ്രീകുമാർ, എം.എ ഗഫൂർ, രഹന, ലുഖ്മാൻ അരീക്കോട് എന്നിവർ അണിനിരക്കുന്ന പാട്ടുകച്ചേരിയോടെ മേള സമാപിക്കും.
