കെട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുകാലമായി അതിരൂക്ഷമായി വർധിച്ചുവരുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് ഓഫീസിൽ കർഷകരുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച യോഗത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള നൂറിലധികം കർഷകരും നാട്ടുകാരും പങ്കെടുത്തു. കാട്ടുപന്നികളുടെ നിരന്തരമായ ആക്രമണങ്ങൾ മൂലം കൃഷിയിടങ്ങൾ പൂർണ്ണമായും നശിക്കുകയും കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യമാണെന്ന് യോഗത്തിൽ ശക്തമായി ചൂണ്ടിക്കാട്ടി. നെൽപ്പാടങ്ങൾ, പച്ചക്കറി കൃഷികൾ, വാഴത്തോട്ടങ്ങൾ എന്നിവ വ്യാപകമായി നശിക്കപ്പെടുന്നതായി കർഷകർ പരാതിപ്പെട്ടു.കൃഷിനാശം മാത്രമല്ല, രാത്രികാലങ്ങളിൽ വീടുകളിലേക്കും റോഡുകളിലേക്കും കാട്ടുപന്നികൾ ഇറങ്ങിവരുന്നതിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി ഉയർന്നിരിക്കുകയാണെന്നും യോഗം വിലയിരുത്തി. വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നതെന്നും, അടിയന്തരമായി ശക്തമായ നടപടികൾ സ്വീകരിക്കാതെ പോയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി.
മൃഗശല്യം നിയന്ത്രിക്കുന്നതിൽ ബന്ധപ്പെട്ട വനവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും, ശാസ്ത്രീയവും ഫലപ്രദവുമായ ദീർഘകാല പരിഹാരങ്ങൾ ഉടൻ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫെൻസിംഗ്, ട്രാപ്പിംഗ്, നഷ്ടപരിഹാരം വേഗത്തിൽ നൽകൽ, സ്ഥിരം നിരീക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.
തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നതിനുമായി യോഗത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട പരാതികൾ ശേഖരിച്ച് തുടർ നടപടികൾക്കായി പഞ്ചായത്ത് നേതൃത്വത്തിന് റിപ്പോർട്ട് നൽകും.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ നദീറ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. കൃഷി ഓഫീസർ ശ്യാം ലാൽ, ബാലകൃഷ്ണൻ തോക്കമണ്ണിൽ, പി. ചാത്തുക്കുട്ടി, ജയകൃഷ്ണൻ ടി. വി, ഡോ. സി. കെ. അഹമ്മദ്, ഇ. എം. സി. മൊയ്‌ദീൻ, ശിവദാസൻ മംഗലഞ്ചേരി, സന്തോഷ് കുമാർ, വിശ്വൻ വെള്ളലശേരി, അനീസ് പാഴൂർ, സാദിഖ് കൂളിമാട് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിന് ശക്തമായ ജനകീയ ഇടപെടലുകളും ഭരണകൂടത്തിന്റെ സജീവ സഹകരണവും അനിവാര്യമാണെന്ന് യോഗം പൊതുവായി അഭിപ്രായപ്പെട്ടു.
